Ancient Church of Malabar: ദൈവത്തിന്റെ സ്വന്തം നാട് (ചെകുത്താന്റെയും )

Monday, July 4, 2011

ദൈവത്തിന്റെ സ്വന്തം നാട് (ചെകുത്താന്റെയും )

The warrior of light never falls into the trap of that word ‘freedom’. .. .. Paulo Coelho (Manual of the Warrior of Light)

When people are oppressed, freedom is a very clear concept. At such times, people fights as long as they have breath and life. When contrasted with oppression freedom is easy to understand : it is the opposite of slavery. The concept of “freedom” is very difficult to understand , it means absence of meaning

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മംഗളം പത്രത്തില്‍ വന്ന ഒരു ലേഖനം (അടുക്കും മുമ്പേ അകലുന്നവര്‍) ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് . കേരളത്തിലെ സാമൂഹിക ജീവിതത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന ദാരുണമായ മുല്യച്യുതി ഈ ലേഖനം തുറന്നു കാട്ടുന്നു.

യൂറോപ്പിലെ യാഥാസ്‌ഥിതിക സമൂഹത്തിനുമുന്നില്‍ ഞെട്ടിത്തരിപ്പിക്കുന്ന അലര്‍ച്ചയോടെയായിരുന്നു നോറ വാതില്‍ കൊട്ടിയടച്ചത്‌. അതിന്റെ അലയൊലിയില്‍ യൂറോപ്പ്‌ നടുങ്ങിവിറച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ചും ജീവിക്കാമെന്ന്‌ തെളിയിച്ച്‌ വാതില്‍കൊട്ടിയടച്ച്‌ വീട്ടില്‍നിന്ന്‌ ഇറങ്ങി പ്പോന്ന നോറയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അന്നത്തെ യൂറോപ്യന്‍ സമൂഹത്തിന്‌ സ്വപ്‌നം കാണാന്‍ സാധിക്കാത്തതായിരുന്നു. എന്നിട്ടും ഇബ്‌സണ്‍ എന്ന മഹാനായ നാടകകൃത്ത്‌ വരാനിരിക്കുന്ന സാമൂഹികമാറ്റം മുന്‍കൂട്ടികണ്ടു. അദ്ദേഹത്തിന്റെ പാവക്കൂട്‌ (ഡോള്‍സ്‌ ഹൗസ്‌) എന്ന നാടകത്തിലെ കഥാപാത്രമായിരുന്നു നോറ.

ഇന്ന്‌ യൂറോപ്യന്‍ സമൂഹത്തില്‍ നോറമാര്‍ മാത്രമായിരിക്കുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ വാതില്‍കൊട്ടിയടച്ച്‌ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോരുന്ന സ്‌ത്രീകളാണ്‌ യൂറോപ്യന്‍ സാമൂഹിക വ്യവസ്‌ഥയെ അടയാളപ്പെടുത്തുന്നതും. ഈ ഇറങ്ങിപോക്കില്‍ ആരും ഞെട്ടിവിറയ്‌ക്കുന്നില്ല. ഇറങ്ങിപ്പോരാതെ ഒരേ ഭര്‍ത്താവുമൊത്ത്‌ കാലങ്ങളോളം ഏതെങ്കിലും സ്‌ത്രീ കഴിയുകയാണെങ്കില്‍ മാത്രമായിരിക്കും യൂറോപ്പുകാര്‍ ഞെട്ടുക..!!
യൂറോപ്പിനെ നോക്കി, നമ്മുടെ മഹത്തായ കുടുംബവ്യവസ്‌ഥയില്‍ അഹങ്കരിച്ചു നെഞ്ചുവിരിച്ച നിന്ന കേരളത്തില്‍ ഇന്ന്‌ യൂറോപ്പിനെ വെല്ലുന്നരീതിയില്‍ വിവാഹമോചനമെന്നത്‌ ഒരു വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞു. കുടുംബവ്യവസ്‌ഥയുടെ പെരുമ ചരിത്രവും പുരാണവും ചേര്‍ത്ത്‌ വച്ച്‌ ആരെങ്കിലും സമര്‍ഥിക്കാന്‍ ശ്രമിച്ചാല്‍ ഇന്നത്തെ കേരളീയ സമൂഹം പുച്‌ഛിച്ചുതള്ളും. നാട്ടുകാര്‍ പറഞ്ഞതുകേട്ട്‌ ഉപക്ഷേിക്കപ്പെട്ട ഭാര്യ ഭര്‍ത്താവിനുമുന്നില്‍ അഗ്നിയില്‍ ചാടി ചാരിത്ര്യ ശുദ്ധിതെളിയിച്ചിരുന്നുവെന്ന പുരാണക്കഥ കേട്ട്‌ പെണ്ണുങ്ങള്‍ ചുണ്ടുകോട്ടിചിരിക്കും. ഇന്നായിരുന്നെങ്കില്‍ ആദ്യ സംശയം ഉണരുമ്പോള്‍ തന്നെ സീത രാമനെതിരേ നോട്ടീസയയ്‌ക്കാന്‍ കുടുംബകോടതിയിലെ വക്കീലിനെ തേടിപോകുമായിരുന്നുവെന്ന്‌ സമകാലിക സമൂഹം തിരുത്തുചേര്‍ക്കും.

പുതിയ സമൂഹത്തില്‍ സ്‌ത്രീകള്‍ക്കുള്ള പദവിയില്‍ വ്യത്യാസം വന്നെങ്കില്‍പോലും പഴയ മാമൂലുകളില്‍നിന്ന്‌ വിട്ടുമാറിക്കൊണ്ടുള്ള ഒരു ചിന്താപദ്ധതി രൂപീകരിക്കാന്‍ പുരുഷമേധാവിത്വത്തില്‍ അധിഷ്‌ഠിതമായ സമൂഹത്തിന്‌ ഇനിയും സാധിച്ചിട്ടില്ല. സ്‌ത്രീയുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ വിപുലപ്പെട്ടെങ്കിലും പുരുഷന്റെ ഭര്‍തൃ- പിതാ സങ്കല്‍പ്പങ്ങള്‍ പഴയ രീതിയില്‍തന്നെയാണെന്നത്‌ പുതുകാലഘട്ടത്തില്‍ യോജിച്ചുള്ള പോക്കിന്‌ തടസംതീര്‍ക്കുകയാണ്‌. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ്‌ മധുവിധു പിന്നിടുംമുമ്പേ വിവാഹമോചനത്തിനായി വക്കീല്‍ ഓഫീസിലെത്തുന്നവരുടെ എണ്ണം കൊച്ചുകേരളത്തില്‍ കൂടിവരികയാണ്‌.

അതില്‍പ്പിന്നെ കേരളം ഏറെ മുന്നോട്ടുപോയി. ഇക്കഴിഞ്ഞ വര്‍ഷംമാത്രം സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ കുടുംബകോടതികളിലായി രജിസ്‌റ്റര്‍ ചെയ്യപ്പെട്ട വിവാഹമോചനകേസുകളുടെ എണ്ണം കേട്ടാല്‍ മൂക്കത്തുവിരല്‍ വച്ചുപോകും - 10,926 എണ്ണം. ഏറ്റവുംകൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്‌തത്‌ പതിവുപോലെ തിരുവനന്തപുരം ജില്ലയിലാണ്‌- തിരുവനന്തപുരത്തെ രണ്ട്‌ കുടുംബകോടതികളിലായി ഫയല്‍ചെയ്‌തത്‌ 1747 കേസുകള്‍. 198 വിവാഹമോചന ഹര്‍ജികള്‍ എത്തിയ വയനാടാണ്‌ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്‌ത കോടതിയെന്ന ബഹുമതി എറണാകുളം കുടുംബകോടതിക്കാണ്‌. ആകെ 18 കുടുംബ കോടതികളാണ്‌ സംസ്‌ഥാനത്തുള്ളത്‌.

1999-ല്‍എറണാകുളം കുടുംബകോടതിയില്‍ 416 വിവാഹമോചന കേസുകളാണ്‌ ഉണ്ടായിരുന്നതെങ്കില്‍ 2010 ല്‍ 1,100 ആയി വര്‍ധിച്ചു. ഇതേ സ്‌ഥാനത്ത്‌ തൃശൂരില്‍ 335 ല്‍നിന്ന്‌ 1,059 ആയാണ്‌ വര്‍ധിച്ചത്‌. മറ്റുജില്ലകളിലും സമാനരീതിയില്‍തന്നെയാണ്‌ വര്‍ധന. (താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌)

നിയമപ്രകാരം കോടതി മുഖേന നടക്കുന്ന വിവാഹമോചനങ്ങളുടെ മാത്രം എണ്ണമാണിത്‌. നിയമം അറിയാതെ, സമുദായ സംഘടനകളുടേയും മറ്റും മുന്നില്‍ വിവാഹബന്ധം ഒഴിയുന്നവരുടെ എണ്ണവും കൂടെക്കൂട്ടിയാല്‍ ഈ സംഖ്യ കുതിച്ചുയരും. ആരുമറിയാതെ, ഒരു കണക്കിലുംപെടാതെ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വേറേയും.

1984-ലെ കുടുംബകോടതി നിയമമനുസരിച്ചാണ്‌ സംസ്‌ഥാനത്ത്‌ കോടതികള്‍ സ്‌ഥാപിതമായത്‌. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ നാലു വീതം കുടുംബകോടതികളാണുള്ളത്‌. കേസുകളുടെ വര്‍ധന ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ കോടതികള്‍ സ്‌ഥാപിക്കേണ്ടിവരുമെന്നുതന്നെയാണ്‌ വ്യക്‌തമാകുന്നത്‌
.

കേരളം വിവാഹമോചനത്തിന്റെ കേന്ദ്രം

സംശയിക്കേണ്ട, കേരളത്തിലെ കുടുംബകോടതികള്‍ വിവാഹമോചനങ്ങളുടെ കേന്ദ്രമാവുകയാണ്‌. വിവാഹത്തോടൊപ്പം തന്നെ വിവാഹ മോചനത്തെ കുറിച്ചും ചിന്തിച്ചുതുടങ്ങിയ പുതുതലമുറ. കാരണങ്ങള്‍ നിരത്താന്‍ പലതുമുണ്ട്‌. അല്ലെങ്കിലും പരസ്‌പരം പൊരുത്തപ്പെടാനാവാതെവന്നാല്‍ എന്തെങ്കിലുമൊരു കാരണം കണ്ടെത്താവുന്നതേയുള്ളൂ.

കൂട്ടുകുടുംബങ്ങളുടെ ശിഥിലീകരണം, അണുകുടുംബങ്ങളുടെ പുതു ഘടന, തന്നിലേക്ക്‌ ഉള്‍വലിഞ്ഞ ജീവിതമാറ്റം, മദ്യപാനം, മാതാപിതാക്കളുടെ ഇടപെടല്‍ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ തിരുവനന്തപുരം മനോരോഗാശുപത്രി സുപ്രണ്ട്‌ ഡോ. സതീഷ്‌ ചൂണ്ടിക്കാണിക്കുന്നു.

''ഇന്നത്തെ സമൂഹത്തില്‍ സ്‌ത്രീയും പുരുഷനും ഒരേപോലെ ഉദ്യോഗസ്‌ഥരാ ണ്‌. എന്തെങ്കിലുമൊരു ജോലി ഏതു പെണ്ണും വിവാഹത്തിന്‌ മുമ്പേ സമ്പാദിച്ചിരിക്കും. അതിനാല്‍ത്തന്നെ മുമ്പത്തെ പോലെ ആണിന്റെ ചൊല്‍പ്പടിക്ക്‌ നില്‍ക്കാന്‍ സ്‌ത്രീ തയ്യാറാവുന്നില്ല. സ്വന്തം കാലില്‍നില്‍ക്കാനുള്ള കഴിവും സാമ്പത്തിക ബലവും ആര്‍ജിച്ചിരിക്കെ പെണ്ണിന്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാകാമെന്ന നിലവന്നു''- ഡോ. സതീഷ്‌ നിരീക്ഷിക്കുന്നു.

''പ്രണയവേളയില്‍ രണ്ടുപേരും ഇണയുടെ നെഗറ്റീവ്‌ വശങ്ങളൊന്നും കാണാതെ പോകുന്നു. കണ്ടാലും അതെല്ലാം മറക്കാനാണ്‌ ഇഷ്‌ടപ്പെടുക. അല്ലെങ്കില്‍ പ്രണയ തീവ്രതയില്‍ എല്ലാം പോസറ്റീവായി മാറും. വിവാഹശേഷം ശരിയായികൊള്ളുവെന്ന്‌ വിചാരിക്കുന്നവരുമുണ്ട്‌. എന്നാല്‍ വിവാഹശേഷം കാര്യങ്ങള്‍ നേരെ മറിച്ചാവും. നെഗറ്റീവ്‌ വശങ്ങളാണ്‌ കൂടുതല്‍ ശ്രദ്ധിക്കുക. പിന്നെ അതില്‍പ്പിടിച്ച്‌ വാക്ക്‌ തര്‍ക്കം... ഇങ്ങനെ പ്രണയവിവാഹങ്ങളില്‍ ഭൂരിഭാഗവും പാതിയില്‍ കൊഴിഞ്ഞുപോകുന്നു...'' ഡോ. വീണ ചൂണ്ടികാണിക്കുന്നു.

വിവാഹേതരബന്ധങ്ങളും ഫെമിനിസത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും ആശയവിനിമയത്തിലെ വിടവുമാണ്‌ കേരളത്തിലെ കുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായി മറ്റൊരുവിഭാഗം മാസികരോഗ വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

ഭൂരിഭാഗം വിവാഹമോചന കേസുകളിലും പുരുഷന്‍മാര്‍ തന്നെയാണ്‌ പ്രതിസ്‌ഥാനത്ത്‌ നില്‍ക്കുന്നത്‌. എന്നാല്‍ അടുത്ത കാലത്തായി ഫെമിനിസത്തെക്കുറിച്ച്‌ പെണ്‍കുട്ടികള്‍ വച്ചുപുലര്‍ത്തുന്ന മിഥ്യാധാരണകള്‍ കുടുംബബന്ധങ്ങളെ ഉലയ്‌ക്കുന്നതായി കാണുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉലയുന്ന കുടുംബന്ധങ്ങള്‍

കേരളത്തിലെ കുടുംബ സംവിധാനത്തിന്‌ കാര്യമായ തകരാറ്‌ സംഭവിക്കുന്നു ണ്ടെന്നതിലേക്കാണ്‌ വിവാഹമോചനകേസുകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നതില്‍ തര്‍ക്കമില്ല. അടുത്തിടെ വിവാഹിതരായവരാണ്‌ വിവാഹമോചനത്തിനായി എത്തുന്നവരില്‍ അധികവുമെന്ന്‌ അഭിഭാഷകര്‍ പറയുന്നു. മുമ്പൊക്കെ ഇടത്തരക്കാരി ലായിരുന്നു വിവാഹമോചന പ്രവണതകള്‍ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്നത്‌ എല്ലാ തലങ്ങളിലേക്കും വളര്‍ന്നു. ഐ.ടി തുടങ്ങിയ പ്രഫഷണലുകള്‍ക്കടിയില്‍ പോലും വിവാഹബന്ധം വേര്‍പ്പെടുത്തുകയെന്നത്‌ ഒരു ഫാഷനായി മാറിക്കഴിഞ്ഞു.

യൂറോപ്പിനെ മറ്റെല്ലാ കാര്യത്തിലും അനുകരിക്കുന്നതുപോലെ ശിഥിലമായ കുടുംബവ്യവസ്‌ഥയിലും മാതൃകയായി സ്വീകരിക്കുകയാണ്‌ പുതുതലമുറ. മെച്ചപ്പെട്ട ജോലിയും കഴിഞ്ഞുകൂടാനുള്ള ശമ്പളവുമുണ്ടെങ്കില്‍ എന്തിന്‌ ഭര്‍ത്താവും കുടുംബവുമെന്ന്‌ പെണ്‍കുട്ടികള്‍ ചിന്തിച്ചുതുടങ്ങി.

അതിനാല്‍ത്തന്നെ മുമ്പത്തെ പോലെ ഭര്‍ത്താവിനു മുന്നില്‍ അനുസരണയുള്ള ഭാര്യമാരായി കഴിയാന്‍ അവര്‍ ഒരുക്കവുമല്ല. ഇതോടൊപ്പംതന്നെ അവിഹിതബന്ധം, സ്‌ത്രീധനം, മദ്യപാനം എന്നുതുടങ്ങി മാതാപിതാക്കളുടെ ഇടപെടലും താന്‍പോരിമയും പ്രശ്‌നങ്ങളും താമസസ്‌ഥലത്തെക്കുറിച്ചുള്ള തര്‍ക്കവും വരെ വിവാഹമോചനങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌.''ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ല, അയാളുടെ സുഹൃത്തും സഹായിയും എല്ലാ സന്തോഷത്തിലും സന്താപത്തിലും തുല്ല്യ പങ്കാളിയും ആണ്‌.-സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭര്‍ത്താവിനുള്ളതുപോലെ ഭാര്യയ്‌ക്കുമുണ്ട്‌...'' - തന്റെ ആത്മകഥയില്‍ ഭാര്യാഭര്‍തൃ ബന്ധത്തെകുറിച്ച്‌ ഗാന്ധിജി ഇപ്രകാരമാണ്‌ വിശദീകരിച്ചിട്ടുള്ളത്‌്. എന്നാലിന്ന്‌ ഗാന്ധിയെതന്നെ മറന്ന ആധുനിക സമൂഹത്തിന്റെ ചിന്തയും പ്രവര്‍ത്തിയും ഏറെമാറ്റി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക്‌ വഴിമാറികൊടുത്തതോടെ നിസാരകാര്യങ്ങളില്‍ പോലും സ്വന്തം വഴി തെരഞ്ഞെടുക്കാന്‍ ദമ്പതികള്‍ തയാറാവുന്നതോടെ വിവാഹമോചനകേസുകളുടെ എണ്ണവും കൂടി.
ശ്രീനിവാസന്റെ 'ചിന്താവിഷ്‌ടയായ ശ്യാമള'യെന്ന സിനിമയില്‍ വിവാഹമോചനത്തിലേക്കു നീങ്ങുന്ന ഭാര്യയെ അനുനയിപ്പിക്കുവാന്‍ ഭര്‍ത്താവ്‌ കൂട്ടുപിടിക്കുന്നത്‌ കുട്ടികളെയാണ്‌. ''അയ്യോ അച്‌ഛാ പോകല്ലേ... അയ്യോ അച്‌ഛാ പോകല്ലെ...''എന്ന്‌ കുരുന്നുമക്കളെ കൊണ്ടു പറയിപ്പിക്കുന്ന നായകന്റെ തന്ത്രം പൊട്ടിച്ചിരിക്ക്‌ വകനല്‍കിയതുമാണ്‌. ഇതേപോലെ ഒരു കാലത്ത്‌ നമ്മുടെ സിനിമകളിലെ പ്രധാനപ്രമേയം ശിഥിലമാക്കപ്പെട്ട കുടുംബങ്ങളുടെ പുനര്‍ജന്മമായിരുന്നു. പുനരേകീകരണത്തില്‍ ഒരു സുപ്രധാനപങ്ക്‌ കുട്ടികള്‍ക്കുമുണ്ടായിരുന്നുതാനും. എന്നാല്‍ ഇന്നാകട്ടെ വേര്‍പിരിയലിന്‌ കുട്ടികള്‍ പ്രതിബന്ധമാകുന്നില്ല എന്നതുപോലെതന്നെ കൂടിച്ചേരലിന്‌ ഇവരൊരു കാരണമാകുന്നുമില്ല. ഒത്തുതീര്‍പ്പുകളിലൊന്നും വഴങ്ങാത്ത സ്‌ത്രീയും പുരുഷനും പരസ്‌പരം വാശിതീര്‍ക്കുമ്പോള്‍ ഇടയില്‍പെട്ടുഴലുന്നത്‌ കുഞ്ഞുങ്ങളാണ്‌. അച്‌ഛന്റെ കൂടെ മൂന്നുദിവസം.. അമ്മയുടെ കൂടെ നാലു ദിവസം എന്നിങ്ങനെ പകുത്തുമാറ്റുന്ന ദിവസങ്ങളുമായി എത്രയോ കുട്ടികള്‍. കുടുംബകോടതിയുടെ ഇടനാഴികളില്‍ പകയോടെ മുഖംതിരിച്ച്‌ നടക്കുന്ന അച്‌ഛനമ്മമാര്‍ക്കിടയില്‍ അവരുടെ കരച്ചില്‍ വനരോദനമാകുന്നു. അവിടെ 'കുഞ്ഞാറ്റ'മാരുടെ വികാരം ഒന്നാകുന്നു.

ഇത്‌ കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഏത്രത്തോളം രൂക്ഷമാണെന്ന്‌ അറിയാതെ പോകുന്നതാണ്‌ നാളെയുടെ ദുരന്തം. വിവാഹമോചിതരായ രക്ഷിതാക്കളുടെ കുട്ടികള്‍ ഡിപ്രഷന്‌ അടിമയാകുന്നു. ഇവരില്‍ ആക്രമവാസന ചെറുപ്രായത്തില്‍ത്തന്നെ നാമ്പെടുത്ത്‌ വളരുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും വളരെവേഗം കീഴ്‌പ്പെടുന്നു. ഇവര്‍ നാളെയുടെ ദുരന്തമായി പരിണമിക്കുന്നു. സൈക്യാട്രിസ്‌റ്റ്മാരുടെ കേസ്‌ ഡയറിയില്‍ ഇതിന്‌ ഉദാഹരണങ്ങളേറെ.

''നിയമത്തിന്‌ പരിമിതികളുണ്ട്‌. നിയമമല്ല ഇവിടെ ആവശ്യം, മനസുകള്‍ നന്നാവലാണ്‌. മാതാപിതാക്കള്‍ കുട്ടികളെ ചെറുപ്പംമുതലേ നിലയ്‌ക്ക് നിര്‍ത്തണം. എന്നാലെ നമ്മുടെ കുടുംബവ്യവസ്‌ഥ തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ....'' മുന്‍ കുടുംബകോടതി ജഡ്‌ജിയും ഇപ്പോള്‍ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണായ ജസ്‌റ്റിസ്‌ ഡി. ശ്രീദേവി പറയുന്നു.

No comments:

Post a Comment