Ancient Church of Malabar: Kandishangal(കന്തീശങ്ങൾ)

Wednesday, July 13, 2011

Kandishangal(കന്തീശങ്ങൾ)

മാർ സബോർ മാർ അഫ്രോത്തും (കന്തീശങ്ങൾ)

ക്രി.വ. 822-ൽ കേരളത്തിലെത്തിയ ഒരു പേർഷ്യൻ കുടിയേറ്റ സംഘത്തിന്റെ രണ്ടു നേതാക്കളിൽ ഒരാളായരുന്നു മാർ സാബോർ എന്നും അറിയപ്പെടുന്ന സാബൂര്‍ ഈശോ. രണ്ടാമത്തെയാൾ മാർ പ്രോത്ത് അല്ലെങ്കിൽ ആഫ്രോത്ത് ആയിരുന്നു. ഇരട്ട സഹോദരങ്ങളായിരുന്നെന്ന് പറയപ്പെടുന്ന ഇവർ കേരളക്രൈസ്തവരുടെ വംശസ്മൃതിയിൽ പിൽക്കാലത്ത് പ്രാധാന്യത്തോടെ ഇടംനേടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ കന്തീശങ്ങൾ എന്നു വിളിക്കപ്പെട്ട ഇവർക്ക് കേരളത്തിലെ പല ക്രൈസ്തവദേവാലയങ്ങളും സമർപ്പിക്കപ്പെട്ടു. എന്നാൽ 1599-ലെ ഉദയമ്പേരൂർ സൂനഹദോസ്, ഇവരെ നെസ്തോറിയൻ പാഷണ്ഡികളായി ശപിക്കുകയും ഇവരുടെ പേരിൽ അറിയപ്പെട്ടിരുന്ന ദേവാലയങ്ങളെ സർവവിശുദ്ധരുടേയും ദേവാലയങ്ങളായി പുനർ സമർപ്പിക്കുകയും ചെയ്തു.

മാർ സബർ ഈശോ, മാർ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു് കരുതപ്പെടുന്നു.കൊല്ലം തരീസാ പള്ളി, കായംകുളം കാദീശാ പള്ളി തുടങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചത് ഇവരാണ് എന്നു കരുതപ്പെടുന്നു. മാർ സബർ കൊല്ലം കെന്ദ്രമാക്കിയും മാർ അഫ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തനം ആരംഭിച്ചു. സഭയുടെ പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു.അങ്കമാലി യിലെ അകപ്പറമ്പ് എന്ന സ്ഥലത്ത് മാർ സബറിന്റെ ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്. കടമറ്റത്ത് കത്തനാർ മാർ സബോറിൽ നിന്നാൺ വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം .
ചരിത്രം

ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയി. കാദീശങ്ങൾ അഥവ കന്തീശങ്ങൾ‌ (സുറിയാനിയിൽ പുണ്യവാളന്മാർ എന്ന്) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി.അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവർമ്മൻ ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു, ഇത് തരിസാ പള്ളിഎന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികൾ മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ തരിസാപള്ളി ശാസനങ്ങൾ എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.

പിന്നീട് പോർട്ടുഗീസുകാരുടെ കാലത്ത് മെനസിസ് ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും ഉദയം‍പേരൂർ സുന്നഹദോസ് വിളിച്ചു കൂട്ടി അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമർശിക്കുകയും മറ്റും ചെയ്തു. ബാബേലിൽ നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികൾ എല്ലാം അന്നു മുതൽ സകല പുണ്യവാളന്മാരുടെ പേരിൽ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതൽ ഈ പള്ളികളെല്ലാം കദീശാ പള്ളികൾ എന്നറിയപ്പെട്ടു സകല പുണ്യവാളന്മാരുടെയും എന്നർത്ഥമുള്ള സുറിയാനി പദം).

അന്ത്യ കാലങ്ങള്‍


മാർ സബറിന്റെയും അഫ്രോത്തിന്റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകൾ ഇല്ല. അവർ കേരളം മുഴുവനും വിശുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുകയും ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധന്മാർ എന്നറിയപ്പെടുകയും ചെയ്തു. കൊല്ലത്തു വച്ച് രണ്ടുപേരും കാലം ചെയ്തു എന്നും വിശ്വസിക്കുന്നു. മാറ് സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

തരിസാപ്പള്ളി ശാസനങ്ങൾ

കേരളക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങൾ. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവിയുടെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സാപ്രൊ ഈശോയുടെപേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് നൽകിയവയാണിവ. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ്. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. ചെമ്പു് തകിടിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ ഈ രേഖകൾ "തരിസാപള്ളി ചെപ്പേടുകൾ" എന്നും അറിയപ്പെടുന്നു.

ശാസനങ്ങളുടെ ചരിത്രം

ശാസനങ്ങൾ അവ എഴുതപ്പെട്ട് കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സം‌രക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ്1530-ൽ കൊച്ചിയിലെ പോർത്തുഗീസ് ഗവർണ്ണറുടെ കയ്യിൽ പ്രസിദ്ധമായ ക്നായി തൊമ്മൻ ചെപ്പേട് അടക്കമുള്ള രേഖകൾക്കൊപ്പം സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ,പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്‌. "ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ അങ്കമാലിയിലെ (കേരള ക്രിസ്ത്യാനികളുടെ)മെത്രാനായിരുന്ന ജേക്കബ് അന്നത്തെ പോർത്തുഗീസ് ഗോവർണ്ണദോറ്ടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. എന്നാൽ നാടിനെ നടുക്കം കൊള്ളിക്കുമാറ് ഇവ നഷ്ടപ്പെട്ട വാർത്തയാണ്‌ പിന്നീടുണ്ടായത്. ഇവ നഷ്ടപ്പെട്ടശേഷം ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതായി. ആകെയുണ്ടായിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന അവകാശങ്ങളായിരുന്നു. ഈ അവകാശങ്ങൾ അക്കാലത്ത് സംശയത്തിന്റെ നിഴലിലുമാവാൻ തുടങ്ങി. കേണൽ മെക്കാളെ തിരുവിതാംകൂർ റസിഡന്റായി വന്ന ശേഷമാണ്‌ ഈ ചേപ്പേടുകൾക്കായി എന്തെങ്കിലും അന്വേഷണം നടന്നത്. 1806-ൽ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് റെസിഡന്റ് കേണൽ മക്കാളേ ഉത്തരവിട്ട തെരച്ചിലിൽ ക്നായി തൊമ്മൻ ചേപ്പേട് കണ്ടു കിട്ടിയില്ലെങ്കിലും,കൊച്ചിയിലെ റെക്കോർഡ് കേന്ദ്രത്തിൽ തരിസപള്ളിശാസനങ്ങളിലെ ചേപ്പേടുകളിൽ ഒന്നൊഴികെ എല്ലാം കണ്ടുകിട്ടി."എന്നാൽ കാപ്റ്റൻ സ്വാൻസൺ ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർത്തുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ കൊച്ചികോട്ട് കീഴടക്കിയപ്പോൾ പോർത്തുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ സിറിയൻ ക്രിസ്ത്യാനികൾക്കോ ഡച്ചുകാർകക്കോ കൈമാറ്റം ചെയ്തിരിക്കാം എന്നാണ്‌ കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് ഇംഗ്ലീഷുകാർ കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം.

നഷ്ടപ്പെട്ട ചെപ്പേടുകൾ

നിർഭാഗ്യവശാൽ നഷ്ടപ്പെട്ട ചെപ്പേടുകൾ രണ്ടാം ശാസനത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ഭാഗങ്ങളാണ്‌ (മൊത്തം 6 എണ്ണത്തിലെ 2 എണ്ണം നഷ്ടപ്പെട്ടു) ആദ്യത്തേതിൽ അവകാശങ്ങൾ പതിച്ചു തന്നയാളുടെ പേരുവിവരവും തിയ്യതിയും അവസാനത്തേതിൽ സാക്ഷികളായവരുടെ ഒപ്പുകളും (കൂഫി, ഹീബ്രൂ, പഹ്‌ലാവി ഭാഷകളിൽ) ആണ്‌ രേഖപ്പെടുത്തിയിരുന്നത്.

പ്രസക്തിയും പ്രാധാന്യവും

തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും,സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സപർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേകലകളിൽ

പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. കൊല്ലം നഗരം,രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും,അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഭരമേല്പ്പിച്ചിരുന്നത്.

അക്കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന മതസഹിഷ്ണുതക്കും വൈവിദ്ധ്യത്തിനും മതിയായ തെളിവുകൾ ചെപ്പേടുകളിലുണ്ട്. ക്രിസ്ത്യാനിയായ സപർ ഈശോക്ക്, വലിയ സമ്പത്തിന്റെയും അധികാരങ്ങളുടേയും അധിപതിയാവുന്നതിന് അദ്ദേഹത്തിന്റെ മതം തടസമായില്ല. രണ്ടാം ചെപ്പേടിനൊടുവിൽ കൊടുത്തിട്ടുള്ള പഹലവി, കൂഫിക്, എബ്രായ ലിപികളിലെ ഒപ്പുകൾ, അക്കാലത്ത്,വലിയ വാണിജ്യകേന്ദ്രങ്ങളിലെങ്കിലും നിലവിലിരുന്ന സമൂഹത്തിന്റെ വൈവിദ്ധ്യത്തെ സൂചിപ്പിക്കുന്നു.


മാർ സാബോരും കടമറ്റത്ത്‌ കത്തനാരും.

കടമറ്റത്ത് കത്തനാർ മാർ സബോറിൽ നിന്നാൺ വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം .


സുവിശേഷ ഘോഷണാര്‍ത്ഥം കടമറ്റത്തെത്തിയ മാര്‍ സബോര്‍ യാത്രാക്ഷീണത്താല്‍ അടുത്തുകണ്ട ഭവനത്തില്‍ കയറി ഭക്ഷണം ചോദിച്ചു. പാലിയൂര്‍ പകലോമറ്റം നമ്പൂതിരി കുടുംബത്തിലെ വിധവയായ സ്ത്രീയും അവരുടെ ഏകമകനും മാത്രമുള്ള സാധുകുടുംബത്തില്‍ അഥിതി സല്‍ക്കാരത്തിനുള്ളവകയൊന്നുമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ തിരുമേനി ഇപ്രകാരം കല്പിച്ചു.ഉന്നതന്‍റെ മൃഷ്ടാന്ന ഭോജനത്തെക്കാള്‍ മനഃശുദ്ധിയോടെ കൊടുക്കുന്ന ദരിദ്രന്‍റെ ഉള്ളതില്‍ പങ്കാണുത്തമംഇതുകേട്ട് മൂന്ന് പാത്രങ്ങളിലും ഭക്ഷണം വിളമ്പിയ സാധുസ്ത്രീ പാത്രങ്ങളും കലവും നിറയുന്നതുകണ്ട് പരിഭ്രമിച്ചു. അവര്‍ നില്ക്കുന്നത് ഒരു സാധാരണ മനുഷ്യന്‍റെ മുമ്പിലല്ലെന്നും ഒരു പരിശുദ്ധനാണദ്ദേഹമെന്നും മനസ്സിലാക്കി. അതിനെത്തുടര്‍ന്ന് ഈ സ്ത്രീയുടെ ഏകപുത്രന്‍ മാര്‍ ആബോയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ശിഷ്യസമ്പത്താണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന കടമറ്റത്ത് കത്തനാര്‍.

മറ്റൊരു സന്ദര്‍ഭത്തില്‍ കടമറ്റത്തെ അന്നത്തെ നാട്ടുപ്രമാണിയായിരുന്നകര്‍ത്തായുടെ മകളുടെ ചിത്തഭ്രമം സുഖപ്പെടുത്തിയതിന്‍റെ സന്തോഷത്താല്‍ മാര്‍ ആബോയ്ക്ക്കര്‍ത്താപള്ളി സ്ഥാപിക്കുവാന്‍ സ്ഥലം നല്കി. ആസ്ഥലത്ത് കടമറ്റം പള്ളി സ്ഥാപിതമായി.

ഈ താപസശ്രേഷ്ഠനില്‍ നിന്നും രോഗശാന്തി ലഭിച്ച അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. പരി. പിതാവിന്‍റെ അത്ഭുതപ്രവര്‍ത്തനങ്ങളില്‍ അമര്‍ഷം പൂണ്ട യാഥാസ്ഥിതികര്‍ അദ്ദേഹത്തെ വകവരുത്തുവാന്‍ തീരുമാനിച്ചു. ദൈവിക ദര്‍ശനത്താല്‍ ഈ കാര്യങ്ങള്‍ മനസിലാക്കിയ പരി.തിരുമേനി കടമറ്റത്തച്ചനെ വിളിച്ച് തന്‍റെ കയ്യിലെ മുദ്രമോതിരം ഊരി അച്ചന്‍റെ വിരലിലണിയിക്കുകയും ഞാന്‍ അവിടെ നിന്നും യാത്രയാവുകയാണ് ഈ മുദ്ര മോതിരം ഊരി താഴെ വീഴുമ്പോള്‍ എന്‍റെ അന്ത്യം സംഭവിച്ചതായും മനസ്സിലാക്കി കൊള്ളണം എന്ന് പറഞ്ഞു. കടമറ്റത്തച്ചന്‍ മനസ്സില്ലാ മനസ്സോടെ തന്‍റെ ഗുരുവിനെ യാത്രയാക്കി.

കടമറ്റത്തു നിന്നും തെക്കോട്ട് യാത്രചെയ്ത് പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരി. മാര്‍ സബോര്‍ ഒടുവില്‍ തേവലക്കരയില്‍ലെത്തി. വി. ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള ആരാധനാലയവും ശാന്തസുന്ദരമായ ഗ്രാമപ്രദേശവും, നിഷ്കളങ്കരായ ജനങ്ങളുടെ സ്നേഹവാത്സല്യങ്ങളും അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. പള്ളിയോട് ചേര്‍ന്നുണ്ടായിരുന്ന ചാവടി വിശ്രമസ്ഥലമായി തിരഞ്ഞെടുത്ത് ശേഷിച്ച കാലം ഇവിടെ ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ ചാവടി ഇപ്പോഴും പുതുക്കി പണിതനിലയില്‍ പള്ളിയുടെ മുന്‍ഭാഗത്തായി കാണാം. ഇവിടെ വച്ച് മാര്‍ആബോ വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. തന്നെ സമീപിച്ചവരെയെല്ലാം ജാതി ഭേദമന്യേ സഹായിച്ചു. രോഗികള്‍ക്ക് സൌഖ്യവും പീഡിതര്‍ക്ക് ആശ്വാസവും പിശാചു ബാധിതര്‍ക്ക് ആ ബന്ധനത്തില്‍ നിന്ന് മോചനവും നല്കി.

ഈ ലോക ജീവിതം ദൈവത്തോടുള്ള വിശ്വസ്തതയില്‍ പൂര്‍ത്തിയാക്കിയ മാര്‍ സബോര്‍ തന്‍റെ യജമാനന്‍റെ വിളികേട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഇദ്ദേഹത്തിന്‍റെ മരണ സമയത്ത് വിശ്വസ്ത ശിഷ്യനായിരുന്ന കടമറ്റത്തച്ചന്‍റെ കയ്യിലണിഞ്ഞിരുന്ന മുദ്രമോതിരം ഊരി താഴെ വീണു. ഗുരുവചനം ഉടന്‍ ഓര്‍മ്മിച്ച ശിഷ്യന്‍ മാര്‍ ആബോയുടെ വേര്‍പാട് മനസ്സിലാക്കി പ്രിയ ഗുരുവിന്‍റെ ഭൌതിക ശരീരം ദര്‍ശിക്കുവാന്‍ യാത്രയായി. ക്ലേശകരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ തേവലക്കരയിലെത്തിയപ്പോഴേക്കും ഇവിടെയുളള വിശ്വാസികള്‍ തങ്ങളുടെ വന്ദ്യപിതാവിന്‍റെ ദിവ്യ ശരീരം നിറകണ്ണുകളോടും നൊമ്പര ഹൃദയത്തോടും കൂടി പള്ളി മദ്ബഹായില്‍ വടക്ക് പടിഞ്ഞാറ് വശത്ത് ഭക്തിയാദരപൂര്‍വ്വം കബറടക്കിയിരുന്നു. തന്‍റെ പ്രിയ ഗുരുവിന്‍റെ ഭൌതികശരീരം അവസാനമായി കാണാന്‍ കഴിയാത്തതില്‍ വ്യസനത്തോടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ നില്ക്കുമ്പോള്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ എന്ന വണ്ണം മാര്‍ ആബോയുടെ വലതു കൈ കബറില്‍ നിന്നും വെളിയിലേക്ക് വന്നു. എല്ലാ ദു:ഖവും മറന്ന് സന്തോഷത്താല്‍ ആ പരി. പിതാവിന്‍റെ കരം മാറോട് ചേര്‍ത്തണച്ച അച്ചന് അത് വേര്‍പെട്ട് കയ്യിലിരിക്കുന്ന കാഴ്ച അത്ഭുതമായി തോന്നി. അച്ചനും കൂട്ടരും ഭക്തിയാദരപൂര്‍വ്വം ഈ കരം കൊണ്ടുപോയി കടമറ്റം പള്ളിയുടെ തെക്കേ ഭിത്തിയില്‍ പ്രതിഷ്ഠിച്ചു. ഈ ഗുരുശിഷ്യബന്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം കടമറ്റത്തു നിന്നും ധാരാളം ഭക്ത ജനങ്ങള്‍ പരി. കബറിങ്കലേക്ക് എത്തിച്ചേരുന്നു.

Source:Wiki

Kadamattam church site:


No comments:

Post a Comment